തിരുവനന്തപുരം: കോണ്ഗ്രസ് പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റികൾ 18നു ചേരുന്ന ആദ്യ മന്ത്രിസഭായോഗം പരിഗണിക്കുമെങ്കിലും ഇവ പൂർണമായി നടപ്പാക്കാൻ ആറു മാസമെങ്കിലും എടുക്കും.
എസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ഗാരന്റികൾ ആദ്യ നാളുകളിൽ തന്നെ നടപ്പാക്കാൻ ശ്രമിക്കുമെങ്കിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ ധന അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താൻ മാത്രമേ കഴിയൂ.
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു വിശദമായി പഠിക്കേണ്ടതുണ്ട്. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകും ധന അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുക.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു പൂർണമായി സൗജന്യ യാത്രാ സൗകര്യമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. ഇക്കാര്യത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് കെഎസ്ആർടിസിയിൽ നിന്നും ധനവകുപ്പിൽ നിന്നും തേടിയിട്ടുണ്ട്. പൂർണ സൗജന്യം നൽകിയാൽ സംസ്ഥാനത്തിന് പ്രതിമാസമുണ്ടാകുന്ന നഷ്ടം അടക്കം കണക്കാക്കും.
ആശാ പ്രവർത്തകരുടെ പ്രതിദിന വേതനം വർധിപ്പിക്കുന്ന പ്രഖ്യാപനം ആദ്യ മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണു വിവരം. പ്രതിദിന വേതനം 700 രൂപയാക്കി വർധിപ്പിച്ചാലുണ്ടാകുന്ന അധിക ഭാരം എത്രയുണ്ടാകുമെന്നു ധനവകുപ്പിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതോടൊപ്പം 500 രൂപയാക്കി ഉയർത്തിയാലുള്ള അധിക ഭാരം അടക്കമുള്ള റിപ്പോർട്ടും തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ 18നു ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണു സൂചന.
ഉന്നതവിദ്യാഭ്യാസം നടത്തുന്ന കോളജ് വിദ്യാർഥിനികൾക്ക് പഠനച്ചെലവുകൾക്കായി മാസംതോറും 1,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്ന പ്രഖ്യാപനത്തിലും റിപ്പോർട്ട് തേടും. സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ സംരംഭകർക്ക് അഞ്ചുലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പകൾ നൽകുന്നതിലും തീരുമാനമുണ്ടാകും.
നിലവിലുള്ള സാമൂഹിക സുരക്ഷാ പെൻഷനുകൾ 3,000 രൂപയായി വർധിപ്പിക്കുമെന്നും അതു കൃത്യസമയത്തു തന്നെ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീടാകും തീരുമാനമെടുക്കുക.